വിവരങ്ങള്‍ ചോര്‍ന്നാല്‍ നടപടി ;ഫേസ്ബുക്കിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

Facebook

ന്യൂഡല്‍ഹി: ഫേസ്ബുക്കിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്‌. ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്.

അതേസമയം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രയന്‍ ആക്ടണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബ്രയന്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് 50 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ആക്ടന്റെ പ്രതികരണം.

ഡിലീറ്റ് ഫോര്‍ ഫേസ്ബുക്ക് എന്ന ഹാഷ് ടാഗോട് കൂടിയാണ് ആക്ടണ്‍ ട്വിറ്ററിലില്‍ പോസ്റ്റിട്ടിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ഹാഷ് ടാഗിന് പിന്തുണയുമായി എത്തുന്നത്. 2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തെ റഷ്യ സ്വാധീനിച്ചു എന്നും ബ്രിട്ടനിലെ സ്വകാര്യ കമ്പനികള്‍ അതിന് കൂട്ട് നിന്നു എന്നും ഫേസ്ബുക്ക് അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിനെ പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില ഇടിഞ്ഞിരുന്നു.

Top