റോഹിംഗ്യന്‍ അഭയാര്‍ഥികൾക്ക് ഫ്ലാറ്റ് നൽകില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് നൽകാനുള്ള നടപടിയിൽ നിന്ന് കേന്ദ്രം പിൻമാറി. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി നടത്തിയ പ്രഖ്യാപനത്തില്‍ കേന്ദ്ര സർക്കാർ വ്യക്തത വരുത്തുകയും ചെയ്തു. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ഡല്‍ഹിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാരായ വിദേശികളെ തിരിച്ചയക്കുംവരെ നിയമപരമായി തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിക്കും. നിലവിലുള്ള സ്ഥലം തടങ്കല്‍ പാളയമായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. വളരെ പെട്ടെന്നുതന്നെ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

എല്ലാ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കും ഡല്‍ഹിയില്‍ താമസസൗകര്യം ഒരുക്കുമെന്ന് നേരത്തെ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ ബക്കര്‍വാല പ്രദേശത്ത് ഫ്‌ളാറ്റുകള്‍ നല്‍കുമെന്നും ഡല്‍ഹി പോലീസിന്റെ സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ നിലവിലുള്ള സ്ഥലത്തുതന്നെ തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ വേണ്ടി ഡല്‍ഹി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top