ഡൽഹി: അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ വിപുലമായ പരിപാടികളുമായി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത്. രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിൻറെ യോഗ ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മൈസൂരിൽ വച്ച് പരിപാടികൾക്ക് നേതൃത്വം നൽകും. മൈസൂരു പാലസ് ഗ്രൗണ്ടിൽ പതിനയായ്യിരം പേർ പ്രധാനമന്ത്രിക്ക് ഒപ്പം യോഗ ചെയ്യും. മൈസൂർ രാജാവ് യെദ്ദുവീർ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി എന്നിവരാണ് പ്രധാനമന്ത്രിക്ക് സമീപം യോഗ ചെയ്യുക. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, കർണാടക ഗവർണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്ക് സമീപം പങ്കെടുക്കും. യോഗ ദിനാചരണത്തിന്റെ ഭാഗമായി ജന്തർ മന്തറിലെ പരിപാടിയിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പങ്കെടുക്കുന്നു. നൂറ് കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുക്കാനായി ജന്തർമന്തറിൽ എത്തിയിരിക്കുന്നത്.