കേന്ദ്രസര്‍ക്കാരിന്റെ സന്ദേശ് ആപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ സന്ദേശ് ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോം ഔദ്യോഗികമായി അവതരിപ്പിച്ചു. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ലോക്‌സഭയില്‍ പറഞ്ഞത്.

വാട്‌സ്ആപ്പ് അടക്കമുള്ള ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള പകരക്കാരന്‍ ആയിട്ടാണ് സന്ദേശ് വരുന്നത്. വാട്‌സ്ആപ്പ് പോലെ വാലിഡായ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഉള്ള ഏതൊരു വ്യക്തിക്കും സന്ദേശ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. നേരത്തെ തന്നെ ഈ ആപ്പ് ലോഞ്ച് ചെയ്തിരുന്നു എങ്കിലും ഇത് ഉപയോഗിച്ചിരുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റുമാണ്. എന്നാല്‍ ഇനി മുതല്‍ എല്ലാവര്‍ക്കും സന്ദേശ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓപ്പണ്‍ സോഴ്‌സ് അടിസ്ഥാനമാക്കിയുള്ള, സുരക്ഷിതമായ, ക്ലൗഡ്-എനേബിള്‍ഡ് പ്ലാറ്റ്‌ഫോമാണ് സന്ദേശ്. ഇത് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെയുള്ളതാണ്. ഭരണകാര്യങ്ങള്‍ക്കായി സര്‍ക്കാരിന്റെ മാത്രം നിയന്ത്രണത്തില്‍ ഉള്ള പ്ലാറ്റ്‌ഫോം എന്ന നിലവില്‍ ആണ് സന്ദേശ് പുറത്തിറക്കിയിരിക്കുന്നത്. വണ്‍-ടു-വണ്‍, ഗ്രൂപ്പ് മെസേജിങ്, ഫയല്‍, മീഡിയ എന്നിവ പോലുള്ള ഫീച്ചറുകള്‍ ഷെയര്‍ ചെയ്യല്‍, ഓഡിയോ-വീഡിയോ കോള്‍, ഇ-ഗവണ്‍മെന്റ് ആപ്പ് ഇന്റഗ്രേഷന്‍ തുടങ്ങിയവ ഈ ആപ്പിലൂടെ സാധിക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സന്ദേശ് ആപ്പിന് താഴെ നല്‍കിയിട്ടുള്ള വിവരണമനുസരിച്ച്, സര്‍ക്കാര്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ മാത്രമാണ് സാന്‍ഡെസ് ഹോസ്റ്റ് ചെയ്യുന്നത്. ഇത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങും എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പും എന്‍ക്രിപ്റ്റ് ചെയ്ത ഒടിപി സേവനവും സപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ സ്വകാര്യതയും ഡാറ്റ നയവും നിയന്ത്രിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ്.

സന്ദേശ് ആപ്പ് എന്‍ഐസി ഇമെയില്‍, ഡിജിലോക്കര്‍, ഇ-ഓഫീസ് എന്നിവയുമായി സംയോജിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രമേ സന്ദേശ് ആപ്പിന്റെ മുഴുവന്‍ സവിശേഷതകളും ലഭ്യമാകു എന്നും പ്ലേ സ്റ്റോറില്‍ നല്‍കിയിട്ടുള്ള വിവരണത്തില്‍ പറയുന്നു.

Top