ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് പതിനായിരം കോടിയുടെ ധനസഹായം. പുതുസംരംഭങ്ങള്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള പ്രത്യേക നിധിക്കാണ് ബുധനാഴ്ച കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
ചെറുകിട വ്യവസായ വികസന ബാങ്ക് (എസ്.ഐ.ഡി.ബി.ഐ.) വഴിയായിരിക്കും ഫണ്ട് കൈകാര്യംചെയ്യുകയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.
ജനുവരിയില്‍ തുടക്കമിട്ട സ്റ്റാര്‍ട്ട് അപ്പ് പദ്ധതി കൂടുതല്‍ ശക്തമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിധി രൂപപ്പെടുത്തുന്നത്. 14, 15 ധനകാര്യ കമ്മിഷന്റെ കാലയളവില്‍ ഈ തുക സംഭരിക്കാനും വിനിയോഗിക്കാനുമാണ് തീരുമാനം.
നടപ്പുസാമ്പത്തികവര്‍ഷം 500 കോടി രൂപയും അടുത്ത സാമ്പത്തികവര്‍ഷം 600 കോടി രൂപയും പ്രത്യേക നിധിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കും.
ബാക്കി പണം വ്യവസായ വകുപ്പിനുള്ള ബജറ്റ് സഹായമായി അനുവദിക്കും. പ്രത്യേകനിധിയിലൂടെ 18 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.
പുതുസംരംഭ പദ്ധതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞാഴ്ച നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക നിധിക്ക് രൂപംകൊടുക്കാന്‍ തീരുമാനിച്ചത്.
പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കാനായി ഹൈദരാബാദില്‍ സ്റ്റാര്‍ട്ട് അപ് ഫെസറ്റിവല്‍ സംഘടിപ്പിക്കും.