ന്യൂഡല്‍ഹി: വാട്ട്‌സാപ്പ് നടപ്പാക്കുന്ന പുതിയ സ്വകാര്യതാ നയം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐ ടി മന്ത്രാലയം. മെയ് 15ാം തീയതി മുതല്‍ നടപ്പിലാക്കുമെന്നു പറഞ്ഞ വാട്‌സ്ആപ്പിന്റെ പുതിയ നയങ്ങള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ സ്വകാര്യത ഹനിക്കുന്നതാണെന്നും ഡേറ്റകളിലേക്കുള്ള കടന്നുകയറ്റമാണെന്നും മന്ത്രാലയം വിലയിരുത്തി.
ഇതുസംബന്ധിച്ച കത്ത് മന്ത്രാലയം വാട്ട്‌സാപ്പ് അധികൃതര്‍ക്ക് അയച്ചിട്ടുണ്ട്. മെയ് 18നാണ് മന്ത്രാലയം കത്തയച്ചത്. ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനും വാട്‌സ്ആപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുകൂല നടപടിയല്ല വാട്‌സ്ആപ്പിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നതെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണു ലഭ്യമായ സൂചന.
അക്കൗണ്ട് രജിസ്‌ട്രേഷന്‍, ഇടപാട് വിവരങ്ങള്‍, സേവന വിവരങ്ങള്‍, മറ്റുള്ളവരുമായി എങ്ങനെ പെരുമാറുന്നു, മൊബൈല്‍ഫോണ്‍ വിവരങ്ങള്‍, ഐ.പി. അഡ്രസ്, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ വാട്‌സ്ആപ്പുമായി സഹകരിക്കുന്നവര്‍ക്കു കൈമാറുമെന്നതാണു പുതിയ സ്വകാര്യതാ നയത്തിന്റെ കാതല്‍. വിവര സ്വകാര്യത, ഡാറ്റ സുരക്ഷ, ഉപഭോക്തൃ ഇഷ്ടം തുടങ്ങിയവയുടെ മൂല്യങ്ങളെ തകിടം മറിക്കുന്നതും ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങളും താത്പര്യങ്ങളും പ്രതികൂലമായി ബാധിക്കുന്നതുമാണ് നയമെന്ന് കത്തില്‍ പറയുന്നു.