ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലങ്ങള്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ആര്‍.എസ്.എസ് സംഘടനകള്‍ക്ക് പതിച്ചു നല്‍കുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയ ഭൂമിദാനത്തിനാണ് മോദി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ആര്‍.എസ്.എസിന്റെ 12 സംഘപരിവാര സംഘടനകള്‍ക്ക് ഡല്‍ഹിയിലെ സുപ്രധാന മേഖലകളില്‍ ഭൂമി നല്‍കാന്‍ നടപടി തുടങ്ങിയത്. മുഖര്‍ജി സ്മൃതിന്യാസ്, വിശ്വസംവാദ് കേന്ദ്ര, ധര്‍മ്മയാത്ര മഹാസംഘ്, അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം തുടങ്ങിയവയായിരുന്നു ഈ സംഘടനകളില്‍ ചിലത്.
പിന്നീട് അധികാരത്തില്‍ വന്ന മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ഈ നടപടികള്‍ പുന: പരിശോധിക്കാന്‍ യോഗേഷ് ചന്ദ്ര സമിതിയെ നിയോഗിച്ചു ഇതിന്റെ അടിസഥാനത്തില്‍ നടപടി റദ്ദാക്കുകയായിരുന്നു.
സാമുദായിക, മതസംഘടനകളെ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതിനെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്‍.കെ ജോഷി, ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി ആര്‍. നാരായണ്‍സ്വാമി എന്നിവരടങ്ങുന്ന പുതിയ സമിതിയെ നിയോഗിച്ച് ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസ് സംഘടനകള്‍ക്ക് ഭൂമി നല്‍കുന്നത്.