പരവൂര്‍: പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ഡോക്ടര്‍ എ കെ യാദവാണ് കമ്മീഷന് നേതൃത്വം നല്‍കുന്നത്. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
എക്‌സ്‌പ്ലോസീവ് ആക്ട് 1884 ലെ സെക്ഷന്‍ 9 എ പ്രകാരം സ്‌ഫോടക വസ്തുക്കള്‍ കാരണമുള്ള വലിയ അപകടം എന്ന നിലയിലാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.
പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ജോയിന്റ് ചീഫ് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ ഡോ. എ കെ യാദവാണ് അന്വേഷണ കമ്മിഷന്‍. ഇദ്ദേഹത്തോടൊപ്പം എക്‌സ്‌പ്ലോസീവ് കെമിക്കല്‍ എന്‍ജീറിയറിങ് വിദഗ്ധരുടെ നാലംഗ സംഘവുമുണ്ടാകും.
വെടിക്കെട്ട് അപകടത്തിന്റെ കാരണം, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍, സര്‍ക്കാര്‍ തലത്തില്‍ വീഴ്ചയുണ്ടായോ എന്നീ കാര്യങ്ങളാണ് കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിലുള്ളത്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുതകുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കമ്മിഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.
സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും കമ്മീഷനുണ്ടാകും. ജില്ലാ കളക്ടര്‍, കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ കമ്മീഷന് കഴിയും. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ വൈകാനിടയുണ്ട്.
സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കേന്ദ്രത്തിന് കീഴിലുള്ളതായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെക്കാള്‍ പ്രധാന്യമുള്ളതാണ് കേന്ദ്ര അന്വേഷണ കമ്മീഷന്‍. ജുഡീഷ്യല്‍ കമ്മീഷന്‍ ഫലത്തില്‍ അപ്രസക്തമാവും.