തിരുവനന്തപുരം: ലോകബാങ്ക് വാഗ്ദാനം ചെയ്ത വായ്പ കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങി. പ്രളയശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് വാഗ്ദാനം ചെയ്ത 1750 കോടി രൂപയുടെ വായ്പയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങിയത്.
കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വായ്പയെടുക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങള്‍ ഡവലപ്‌മെന്റ് പോളിസി ലോണ്‍ (ഡിപിഎല്‍) എടുക്കുന്നത് തടഞ്ഞത്. ഇതോടെ, ലോക ബാങ്കില്‍ നിന്ന് പ്രോഗ്രാം ഫോര്‍ റിസല്‍റ്റ്‌സ് (പിഫോര്‍ആര്‍) ആയി വായ്പ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. എന്നാല്‍, ഒട്ടേറെ നടപടിക്രമങ്ങളുള്ളതിനാല്‍ ഇതു വൈകും.
റീബില്‍ഡ് കേരള ഡവലപ്‌മെന്റ് പ്രോഗ്രാമിന് ലോകബാങ്ക് ഡിപി ലോണ്‍ ആയി 3500 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1750 കോടി രൂപ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലഭിച്ചു. രണ്ടാം ഗഡു 1750 കോടി രൂപ കഴിഞ്ഞ മാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വന്നത്.