പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ നീരവ് ഇല്ലായിരുന്നു ; വിശദീകരണവുമായി കേന്ദ്രം

Narendra modi

ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയുയര്‍ന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി കേന്ദ്രം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ നീരവ് മോദി ഇല്ലായിരുന്നുവെന്നും ആരോപണമുന്നയിച്ച രീതി അപലപനീയമെന്നും കേന്ദ്ര നിയമന്ത്രി അറിയിച്ചു.

നീരവ് സിഐഐ സംഘത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. വിജയ് മല്ല്യയ്ക്ക് മന്‍മോഹന്‍ സിംങ് സഹായം നല്‍കിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവരും രംഗത്ത് വന്നിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് ശേഷവും പ്രധാനമന്ത്രി നീരവ് മോദിയ്‌ക്കൊപ്പം സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തതായാണ് ആരോപണം. ദാവോസില്‍ സിആഒ സമ്മേളനത്തില്‍ ഇരുവരും പങ്കെടുത്ത ചിത്രം യച്ചുരി ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.

നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്ന സമയത്തു തന്നെ ഇയാള്‍ രാജ്യം വിട്ടതാണെന്നും യച്ചൂരി ആരോപിച്ചു. ജനുവരി 31ന് എഫ്‌ഐആര്‍ തയാറാക്കുന്നതിനു മുന്‍പ് നീരവ് ദാവോസിലെത്തി. പ്രധാനമന്ത്രിക്കൊപ്പം നിന്ന് ചിത്രവുമെടുത്തെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും യച്ചുരി ആവശ്യപ്പെട്ടിരുന്നു.

Top