ന്യൂഡല്‍ഹി: യമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി.
മുന്‍പ് ഐഎസ് തീവ്രവാദികളുടെ പിടിയിലകപ്പെട്ട മലയാളികളായ നഴ്‌സുമാരടക്കമുള്ളവരെ ഒരു പോറലുപോലും ഏല്‍പ്പിക്കാതെ മോചിപ്പിക്കാന്‍ ശ്രമിച്ച ‘മാര്‍ഗ്ഗം’ തന്നെയാണ് ഫാ.ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സിയായ റോയുടെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ ഇതിനായി ചില നീക്കങ്ങള്‍ തുടങ്ങിയതായാണ് ലഭിക്കുന്ന സൂചന.
ഭീകരരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മോചനം സാധ്യമാക്കുക അതല്ലങ്കില്‍ ഒളിത്താവളം കണ്ടെത്തി കമാന്‍ണ്ടോ ഓപ്പറേഷനിലൂടെ മോചിപ്പിക്കുക, എന്നീ രണ്ട് സാധ്യതകളാണ് കേന്ദ്രത്തിന്റെ മുന്‍പില്‍ ഇപ്പോഴുള്ളത്.
കമാന്‍ണ്ടോ ഓപ്പറേഷന് റിസ്‌ക് കൂടുതലും ബന്ധിയാക്കപ്പെട്ട വ്യക്തിക്ക് അപകടത്തിന് സാധ്യതയും ഉള്ളതിനാല്‍ ഒന്നാമത്തെ കാര്യത്തിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന കൊടുക്കുന്നത്.
ഭീകരരെ അനുനയിപ്പിച്ച് ഫാദറിന്റെ മോചനം സാധ്യമാക്കാന്‍ ചില അറബ് രാജ്യങ്ങളിലെയും മറ്റും ഉന്നതരെ ഇന്ത്യ ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഈ നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ടാല്‍ അമേരിക്ക, ഇസ്രായേല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കൂടി സഹായത്തോടെ ഫാദറിനെ തട്ടികൊണ്ട് പോയ ഇടം കണ്ടെത്തി കമാന്‍ണ്ടോ ഓപ്പറേഷന്‍ നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തിലാണ് മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കുന്നത്. ഫാദര്‍ ടോം ബന്ധിയാക്കപ്പെട്ട സ്ഥലം കണ്ടെത്തുന്നതിനായി സിഐഎ, മൊസാദ് തുടങ്ങിയ ലോകത്തെ പ്രമുഖ രഹസ്യന്വേഷണ ഏജന്‍സികളുടെ സഹായം തേടാന്‍ റോയിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ ഞങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നാണ് തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ഫാ.ടോം ഉഴുന്നാലിന്റെ വീഡിയോയോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചത്.
ഫാ.ടോമിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ അനുകൂലമായ വലിയ ജനവികാരമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
ഇന്ത്യക്കാരനായതു കൊണ്ടാണ് തന്റെ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടക്കാത്തതെന്ന ഫാ.ടോമിന്റെ രോദനം രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
സാമ്പത്തികമായും സൈനികമായും വലിയ മുന്നേറ്റത്തിനൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനം കാത്ത് സൂക്ഷിക്കാന്‍ ശക്തമായ നടപടികള്‍ ഇപ്പോള്‍ അനിവാര്യമാണെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടികാട്ടുന്നത്.
അമേരിക്കയുടെയോ, റഷ്യയുടെയോ, ഇസ്രായേലിന്റേയോ പൗരന്മാര്‍ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍ ശക്തമായ നടപടി ഇതിനകം തന്നെ സ്വീകരിച്ച് കഴിഞ്ഞിരിക്കുമെന്നാണ് നയതന്ത്ര വിദഗദര്‍ അഭിപ്രായപ്പെടുന്നത്.
ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടാന്‍ ലോക രാഷ്ട്രങ്ങളോട് മാര്‍പാപ്പ തന്നെ നേരിട്ട് ആവശ്യപ്പെട്ടേക്കുമെന്ന അഭ്യൂഹവും പുറത്ത് വരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനു മിഷനറീസ് ഓഫ് ചാരിറ്റിയുടെ വയോജന പരിപാലന കേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാലു സന്യാസിനികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നിന്നാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്.