കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചേക്കും

ന്യൂഡല്‍ഹി: കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും.

വിജ്ഞാപനം പിന്‍വലിക്കുന്ന കാര്യങ്ങളുള്‍പ്പെടുന്ന ഫയല്‍ നിയമ മന്ത്രാലയത്തിന് പരിസ്ഥിതി മന്ത്രാലയം അയച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മെയ് 23നാണ് നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധനം പിന്‍വലിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.

ഇതനുസരിച്ച് പശു, കാള പോത്ത്, ഒട്ടകം, പൈക്കിടാവ് എന്നിവയെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. മതചടങ്ങുകളുടെ ഭാഗമായി ബലികൊടുക്കുന്നതും നിരോധിച്ചിരുന്നു.

ഉത്തരവ് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാജ്യത്ത് ഗോരക്ഷാ സേനയുടെ പേരില്‍ അക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിരോധനം വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചിരുന്നത്.

കറവ വറ്റിയ പശുക്കളെ പോലും കശാപ്പിനായി വില്‍ക്കുന്നത് നിരോധിക്കുന്ന ഉത്തരവിനെതിരെ കര്‍ഷകരും രംഗത്തു വന്നിരുന്നു.

വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പു മൂലം ചട്ടത്തിലെ വ്യവസ്ഥകള്‍ കാലിച്ചന്തയിലെ കന്നുകാലികളെയും കേസുകളില്‍ പിടിക്കപ്പെടുന്നവയെയും മാത്രമേ ബാധിക്കൂവെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിശദീകരിച്ചിരുന്നു. മറ്റ് മേഖലകളെ ഈ ചട്ടങ്ങള്‍ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Top