ന്യൂഡല്‍ഹി: വ്യവസായനടത്തിപ്പ് ലളിതമാക്കുന്നതിന്റെ പേരില്‍ വ്യവസായികള്‍ക്കെതിരായ 7500 ഓളം പരോക്ഷനികുതി കേസുകള്‍ വിവിധ ഹൈക്കോടതികളില്‍നിന്നും ട്രൈബ്യൂണലുകളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു.
സേവനനികുതി, കസ്റ്റംസ് എന്നിവ സംബന്ധിച്ച കേസുകളാണ് പിന്‍വലിക്കുന്നത്. 15 ലക്ഷം രൂപവരെയുള്ള നികുതി കുടിശ്ശിക കേസുകളാണ് ഇതില്‍ പ്രധാനം.
കേസുകള്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര എക്‌സൈസ ്കസ്റ്റംസ് ബോര്‍ഡ് ട്രൈബ്യൂണലുകളിലും ഹൈക്കോടതികളിലും അപേക്ഷ നല്‍കിത്തുടങ്ങിയിട്ടുണ്ട്. നികുതിഘടന ഭാരമാകുന്നുവെന്ന വ്യവസായികളുടെ ആക്ഷേപം മാറ്റിയെടുക്കാനാണ് ശ്രമമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. കേസ് പിന്‍വലിക്കുന്നതിന് ബന്ധപ്പെട്ട കോടതികളാണ് അനുമതി നല്‍കേണ്ടത്.
സുപ്രീംകോടതി മുമ്പാകെയുള്ള കേസുകള്‍ പിന്‍വലിക്കുന്നവയുടെ കൂട്ടത്തിലില്ല. മേലില്‍ നികുതി നോട്ടീസ് നല്‍കുന്നത് കര്‍ക്കശമായ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അയച്ച നോട്ടീസുകളില്‍ പലതിനും നിയമപരമായ പിന്‍ബലം വേണ്ടത്ര ഇല്ലെന്നാണ് വിലയിരുത്തല്‍.
നികുതി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന വിജിലന്‍സ് അന്വേഷണങ്ങള്‍ക്കും കടിഞ്ഞാണിട്ടു. ഓരോ കേസും തീര്‍പ്പാക്കുന്നതില്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
50 ലക്ഷത്തില്‍ കൂടുതല്‍ നികുതിസംഖ്യ ഉള്‍പ്പെട്ട കേസുകളില്‍ പ്രിന്‍സിപ്പല്‍ കമീഷണര്‍മാരുമായി കൂടിയാലോചിക്കാതെ നോട്ടീസ് നല്‍കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ, ഇതിനകം ഒത്തുതീര്‍പ്പുണ്ടായ നികുതി കേസുകളില്‍ മുക്കാല്‍പങ്കും വ്യവസായികള്‍ക്ക് അനുകൂലമായ തീര്‍പ്പാണ് ഉണ്ടാക്കിയത്.
കസ്റ്റംസ്, എക്‌സൈസ്, സേവനനികുതി അപ്പലേറ്റ് ട്രൈബ്യൂണലുകള്‍, അപ്പീല്‍ കമീഷണര്‍, ഹൈക്കോടതികള്‍, സുപ്രീംകോടതി എന്നിവിടങ്ങളിലായി 1.36 ലക്ഷം പരോക്ഷനികുതി കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് കണക്ക്. 2015 സെപ്റ്റംബര്‍വരെയുള്ള കണക്കാണിത്. 2.11 ലക്ഷം കോടി രൂപയുടെ സാമ്പത്തികവിഷയമാണിത്.