ഡല്‍ഹി: വീണ്ടും തഴയപ്പെട്ട് ജെഎന്‍യു. കേന്ദ്രം നല്‍കുന്ന ശ്രേഷ്ഠപദവിക്ക് ഇത്തവണ അര്‍ഹരായി ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത് പ്രവര്‍ത്തനം പോലും ആരംഭിക്കാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്ക്.
ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ ആന്ധ്രയിലെ ശ്രീസിറ്റിയില്‍ ആരംഭിക്കുന്ന കെആര്‍ഇഎ സര്‍വകലാശാല, ഭാരതി എയര്‍ടെല്ലിന്റെ സത്യഭാരതി സര്‍വകലാശാല, ബെംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ് എന്നിവയാണ് പട്ടികയിലേക്ക് പരിഗണിക്കപ്പെട്ട സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങലെല്ലാം തന്നെ 2019ല്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കുന്നവയാണ്.
പ്രവര്‍ത്തനം പോലും ആരംഭിക്കാത്ത റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്‍പ് ശ്രേഷ്ഠ പദവി നല്‍കിയത് വിവാദങ്ങള്‍ ശൃഷ്ടിച്ചിരുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍ഐആര്‍എഫ്) മുന്നിലെത്തിയ ജെഎന്‍യുവിനെ വീണ്ടും ഒഴിവാക്കിയതു പ്രതിഷേധത്തിന് ഇടയാക്കി.
പ്രവേശനനടപടി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാപനങ്ങളാണു ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നും. 2019 ഓഗസ്റ്റില്‍ 125 വിദ്യാര്‍ഥികളുമായി വ്യത്യസ്തമായ പഠനരീതിക്കു തുടക്കമിടുമെന്നാണ് കെആര്‍ഇഎ സര്‍വകലാശാല അധികൃതരുടെ പ്രഖ്യാപനം.
ഭാരതി എയര്‍ടെല്ലിനു കീഴില്‍ സത്യഭാരതി ഫൗണ്ടേഷന്റേതാണു സത്യഭാരതി സര്‍വകലാശാല. അര്‍ബന്‍ പ്രഫഷനലുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ബെംഗളൂരു ആസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ്.
റിലയന്‍സ് വിവാദത്തിനു പിന്നാലെ, ഗ്രീന്‍ഫീല്‍ഡ് (നിര്‍ദിഷ്ട) വിഭാഗത്തിലാണു പദവിക്കായി തെരഞ്ഞെടുത്തതെന്നും സ്ഥാപനം സജ്ജമായ ശേഷം പരിശോധന നടത്തി മാത്രമേ പദവി സംബന്ധിച്ച വിജ്ഞാപനം ഉണ്ടാകൂ എന്നും മാനവശേഷി മന്ത്രാലയം വിശദീകരിച്ചിരുന്നു.