ജോലി സമയം 12 മണിക്കൂറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍;പൊതുജനാഭിപ്രായത്തിന് 45 ദിവസം സമയം

ഡല്‍ഹി: ജോലി സമയം ഒമ്പത് മണിക്കൂര്‍ നിന്നും പന്ത്രണ്ട് മണിക്കൂര്‍ എന്നാക്കി ഉയര്‍ത്താന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം. പുതിയ നിയമം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 12 മണിക്കൂര്‍ ജോലി സമയത്തില്‍ ഒരുമണിക്കൂര്‍ വിശ്രമത്തിനുള്ളതാണ്. നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. ജോലി സമയം 12 മണിക്കൂറാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴിലാളിയെക്കൊണ്ടും ജോലി ചെയ്യിപ്പിക്കരുതെന്നും കരട് നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

 

കൊവിഡ് ലോക്ക്ഡൗണ്‍ മൂലം നഷ്ടമായ സമയം നികത്താനായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊഴില്‍ സമയം ഉയര്‍ത്തി തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഴില്‍ മന്ത്രാലയം തൊഴില്‍ സമയം 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കരട് നിര്‍ദ്ദേശത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 45 ദിവസത്തെ സമയമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വേതനത്തിന്റെ ഇരട്ടി തുക പ്രതിഫലമായി നല്‍കണമെന്നും നിയമത്തിലുണ്ട്. ജനുവരിയില്‍ പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

 

ഒരുപാട് കാലത്തെ പോരാട്ടങ്ങള്‍ക്കും ഒരുപാട് മനുഷ്യരുടെ ത്യാഗങ്ങള്‍ക്കും ഒടുവിലാണ് ‘എട്ടുമണിക്കൂര്‍ ജോലിസമയം’ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടത്. ഇന്ത്യയില്‍ 1946-ല്‍ അംബേദ്കര്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ലേബര്‍ മിനിസ്റ്റര്‍ ആയിരിക്കുന്ന സമയത്താണ് 1934ലെ ഫാക്ടറീസ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് തൊഴില്‍ സമയം എട്ടു മണിക്കൂറായി ക്രമീകരിച്ചത്. ഇതാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിമറിക്കാന്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നത്.

Top