കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിയില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ്

ന്യൂഡല്‍ഹി: കൊവിഡ് കണക്ക് ഉയരുന്നതിനിടെ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിയില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരള, ദില്ലി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിലാണ് ആശങ്ക രേഖപ്പെടുത്തിയത്. ഈ ആറ് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘത്തെ അയച്ചതായി മന്ത്രാലയം അറിയിച്ചു.

കോവിഡ് കണക്ക് ഉയരുകയാണെന്ന് ആരോഗ്യമന്ത്രാലയം സമ്മതിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ കൊവിഡ് പരിശോധന കൂട്ടി. രോഗബാധിതര്‍ കൂടുന്നതിനൊപ്പം പരിശോധനയും കൂടുന്നുണ്ടെന്നാണ് വിശദീകരണം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇത്തവണ മരണം കുറവാണെന്നും ആരോഗ്യമന്താലയം ചൂണ്ടിക്കാട്ടി.

രണ്ടാം തരംഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ എണ്ണം 2 ശതമാനം ആയിരുന്നു. ഇത് വാക്‌സിനേഷന്റെ പ്രാധാന്യം കാണിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.

രാജ്യത്ത് 70 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചു. 90 ശതമാനത്തില്‍ അധികം പേര്‍ ഒരു ഡോസ് വാക്‌സീനും എടുത്ത് കഴിഞ്ഞു. ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ എണ്ണം 60.47 ലക്ഷം കടന്നു. കോവാക്‌സിനും കോവിഷീല്‍ഡിനും ഡിസിജിഐയുടെ പൂര്‍ണ്ണ വാണിജ്യ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വാക്‌സീനുകള്‍ക്ക് വാണിജ്യ അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. അനുമതി ലഭിച്ച ശേഷവും കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ മാത്രമേ വാക്‌സീന്‍ നല്‍കാന്‍ അനുവദിക്കുകയുള്ളു എന്നാണ് വിവരം.

 

Top