ന്യൂഡല്‍ഹി: ബിസ്‌ക്കറ്റുകള്‍ക്കും പലഹാരങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. മന്ത്രാലയത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഇനിമുതല്‍ ബിസ്‌ക്കറ്റുകളും മധുരപലഹാരങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ ഉത്തരവ്. പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയ ലഘു ഭക്ഷണങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മന്ത്രി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. യോഗങ്ങളില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപ്രദമായ ഭക്ഷണങ്ങളായിരിക്കണമെന്നും മന്ത്രാലയത്തിലെ കാന്റീനില്‍ നിന്ന് ഇനിമുതല്‍ ബിസ്‌ക്കറ്റുകള്‍ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. പകരം ബദാം, വാള്‍നട്ട്, ഈന്തപ്പഴം, റോസ്റ്റ് ചെയ്ത കടല തുടങ്ങിയവ വിതരണം ചെയ്താല്‍ മതിയെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.നേരത്തെ, ആരോഗ്യമന്ത്രാലയത്തില്‍ പ്ലാസ്റ്റിക് കുപ്പികളിലുള്ള കുടിവെള്ളത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.