തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം നേതാവ് കൂടിയായ ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭയിലേക്ക് സീറ്റ് നല്‍കിയാല്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് അത്തരം നടപടിയുണ്ടാക്കുകയെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പരാതി.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാജ്യസഭാ സീറ്റ് ഘടക കക്ഷിയായ ബി.ഡി.ജെ.എസിനു നല്‍കിയാല്‍ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ രൂക്ഷമായ ഭിന്നതക്ക് കാരണമാകുമെന്നും എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ പാര്‍ട്ടിക്ക് എതിരായ നിലപാട് സ്വീകരിക്കുമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാവ് നല്‍കിയ വിവരമെന്നാണ് സൂചന.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കാര്യമായ പരിഗണന സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കാത്തതില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നതിനാല്‍ എടുത്ത് ചാടി ഒരു തീരുമാനം എടുക്കേണ്ടതില്ലന്ന നിലപാട് ആര്‍.എസ്.എസിനും ഉണ്ട്.
ഈഴവ വോട്ടുകളില്‍ ഇപ്പോഴും വലിയ വിഭാഗം ഇടതുപക്ഷത്തിന് തന്നെയാണെന്നും ഒരു കാരണവശാലും ബി.ഡി.ജെ.എസിനെ ഇടതുപക്ഷം കൂടെ കൂട്ടില്ലന്നുമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ അഭിപ്രായം.
സുരേഷ് ഗോപിക്ക് പുറമെ വീണ്ടും ഒരു എം.പി പാര്‍ട്ടിക്ക് പുറത്ത് നിന്നും വരുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്ന നിലപാടിലാണവര്‍.
സംസ്ഥാന സര്‍ക്കാറിന്റെ പക്കല്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ഉപയോഗിക്കാന്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസു മുതല്‍ പലതും ഉള്ളതിനാല്‍ യു.ഡി.എഫിലേക്ക് പോകാനും ബി.ഡി.ജെ.എസിനു കഴിയില്ല.
മാത്രമല്ല വി.എം സുധീരന്‍, വി.ഡി.സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങി കടുത്ത വെള്ളാപ്പള്ളി വിരുദ്ധരുടെ ഒരു പട തന്നെ യു.ഡി.എഫില്‍ ഉള്ളതിനാല്‍ അവിടെയും തല്‍ക്കാലം വാതില്‍ തുറക്കില്ലന്ന് തന്നെയാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍.
ചുരുക്കത്തില്‍ ബി.ജെ.പി ഒഴികെ കൂട്ട് കൂടാന്‍ വേറൊരു മുന്നണിയില്ലാതെ നട്ടം തിരിയുന്ന ബി.ഡി.ജെ.എസ് , എന്‍.ഡി.എ മുന്നണി വിടുമെന്ന് പറയുന്നത് രാജ്യസഭാംഗ്വത്വം ഉള്‍പ്പെടെ നേടിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇതേ തുടര്‍ന്നാണ് തുഷാറിനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നത് അമിത് ഷാ തല്‍ക്കാലത്തേക്ക് മാറ്റിവച്ചതെന്നാണ് സൂചന.
അതേ സമയം ബി.ഡി.ജെ.എസിനെ ബി.ജെ.പി കൂടാരത്തിലെത്തിക്കുന്നതിന് ‘ഇടപെടല്‍’ നടത്തിയ കേന്ദ്രങ്ങള്‍ തുഷാറിനു വേണ്ടി സജീവമായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
അമിത് ഷായെ സ്വാധീനിച്ച് രാജ്യസഭാ സീറ്റ് തരപ്പെടുത്തി കൊടുക്കാനാണ് അവസാനഘട്ട ശ്രമമത്രെ. ബുധനാഴ്ച ബി.ഡി.ജെ.എസ് നേതൃയോഗം ചേരുന്നതിനു മുന്‍പ് തീരുമാനം എടുപ്പിക്കാനാണ് ശ്രമം.