സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 37 °c വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, ജില്ലകളില്‍ 36 °c വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 °C വരെ ചൂട് കൂടാനാണ് സാധ്യത.

കേരള തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.പകല്‍ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവില്‍ 28°c നും 30°c ഇടയിലാണ്. ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രത കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

Top