ചെങ്ങന്നൂര്‍: വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് റെയില്‍വേ ടൈംടേബിള്‍ പുതുക്കുമ്പോള്‍ പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍.
കിടപ്പാടം നഷ്ടപ്പെടുന്നതാണോ അഞ്ച്മിനിറ്റ് പിടിച്ചിടുന്നതാണോ നമ്മുടെ മുന്നിലെ പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങുന്നതിന് മുമ്പ് വന്ദേഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് അയ്യപ്പന്മാര്‍ക്ക് വേണ്ടിയാണെന്നും വി മുരളീധരന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്വീകരണം നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
വേഗത കൂടിയ യാത്രയ്ക്കുവേണ്ടി ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന ഒരു സാഹചര്യം കേരളത്തിലുണ്ടായിരുന്നു. അത് ഒഴിവാക്കിക്കൊണ്ട് വേഗത കൂടിയ തീവണ്ടി സര്‍വീസാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവെച്ചത്. വര്‍ഷത്തില്‍ രണ്ടുതവണയാണ് റെയില്‍വേ ടൈംടേബിള്‍ പുതുക്കുന്നത്. ഈ പുതുക്കലിനിടെയാണ് വന്ദേഭാരത് വന്നത്. തീര്‍ച്ചയായും അടുത്ത പുതുക്കലോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും, കേന്ദ്ര മന്ത്രി പറഞ്ഞു.