ഐഡിബിഐ ബാങ്കിന് അധിക മൂലധന സഹായം

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന് 9,000 കോടി രൂപയുടെ അധിക മൂലധന സഹായം നല്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബാങ്കിന് കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ സര്‍ക്കാരിന്റെ ഈ ഇടപെടലിലൂടെ സാധിക്കും.

4557 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നല്‍കുക. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 4,743 കോടി രൂപ മൂലധന നിക്ഷേപമായി നല്‍കും. എല്‍ഐസിയാണ് ബാങ്കില്‍ 51 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ബാങ്കിന്റെ 49 ശതമാനം ഓഹരിയുടെ ഉടമയാണ്.

കഴിഞ്ഞ വര്‍ഷം എല്‍ഐസി ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികള്‍ വാങ്ങിയിരുന്നു. ഇതിനു ശേഷം ബാങ്കിന്റെ പ്രകടനത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളുടെ അളവിലും വലിയ തോതിലുള്ള കുറവുണ്ടായി. നടപ്പു സാമ്പത്തിക വര്‍ഷം ബാങ്കിന്റെ വരുമാനം 500 കോടി വര്‍ധിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇത് 1,000 കോടിയായി വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കവേ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

Top