ഡൽഹി : കർഷകരുമായി കേന്ദ്രം നടത്തിയ ആറാമത്തെ ചർച്ചയും പരാജയപ്പെട്ടു.തിങ്കളാഴ്ച വീണ്ടും ചർച്ച ഉണ്ടാകും. നല്ല പരിതസ്ഥിതിയിൽ നടന്ന ചർച്ച ശുഭകരമായ നിലയിലാണ് അവസാനിച്ചതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. ‘കർഷകർ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ ധാരണയിലെത്തി. വായു മലിനീകരണവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളിൽ നിന്നു കർഷകരെ ഒഴിവാക്കുക, വൈദ്യുതി സബ്സിഡി തുടരുക എന്നീ ആവശ്യങ്ങളിലാണ് ധാരണയായത്.
വിളകൾക്കു താങ്ങുവില ഉറപ്പാക്കുമെന്ന് രേഖാമൂലം എഴുതി നൽകാൻ കേന്ദ്ര സർക്കാർ തയാറാണ്. എന്നാൽ ഇതു സംബന്ധിച്ച് നിയമം പാസാക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതിനാൽ വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സംബന്ധിച്ച് ജനുവരി നാലിന് ചർച്ച നടത്തുമെന്ന് നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. നവംബര്‍ അവസാനം മുതല്‍ രാജ്യത്തെ പിടിച്ചുലയ്ക്കുന്ന കര്‍ഷക സമരത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ചയ്ക്കു തയാറായത്. അതേസമയം നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണു കര്‍ഷകര്‍.