ന്യൂഡല്‍ഹി: സുരക്ഷയ്ക്കും അതിവേഗ ആശയവിനിമയത്തിനുമായി റെയില്‍വേയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. 700 മെഗാഹെര്‍ട്‌സ് ബാന്റില്‍ 5 മെഗാഹെട്‌സ് സ്‌പെക്ട്രം റെയില്‍വേയ്ക്ക് നല്‍കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
അടുത്ത അഞ്ചു വര്‍ഷം കൊണ്ടാണ് 5ജി സ്‌പെക്ട്രവും സിഗ്‌നല്‍ സംവിധാനത്തിന്റെ ആധുനികവല്‍ക്കരണവും നടക്കുക. ഇതിനായി 25,000 കോടി രൂപ ചെലവ് വരും. പുതിയ സ്‌പെക്ട്രം ഉപയോഗിച്ച് പാതകളില്‍ മൊബൈല്‍ ട്രെയിന്‍ റേഡിയോ കമ്മ്യൂണിക്കേഷനിലൂടെ ആശയവിനിമയം സാധ്യമാക്കാനാണ് റെയില്‍വേ വിഭാവനം ചെയ്തിട്ടുള്ളത്. 5ജി വരുന്നതോടെ എല്‍ടിഇ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ട്രെയിന്‍ റേഡിയോ വഴിയുള്ള ആശയവിനിമയം സാധ്യമാകും. ഇത് റെയില്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പ്രവര്‍ത്തന, സുരക്ഷ, സുരക്ഷിതത്വ ആപ്ലിക്കേഷനുകള്‍ക്കായി സുരക്ഷിതവും വിശ്വസനീയവുമായ ശബ്ദ, വീഡിയോ, ഡാറ്റാ ആശയവിനിമയ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക്കോ പൈലറ്റും ഗാര്‍ഡുകളും തമ്മില്‍ തടസമില്ലാതെ ആശയവിനിമയം ഉറപ്പാക്കാനും സാധിക്കും.