കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയെന്ന് കേന്ദ്ര സംഘം

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയെന്ന് കേന്ദ്ര സംഘം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് കൈമാറും. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ അസ്വഭാവികതയില്ലെന്നും ആവശ്യപ്പെട്ട തോതില്‍ വാക്‌സിന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.

കേരളത്തിലെ കൊവിഡ്, പക്ഷിപ്പനി സാഹചര്യങ്ങള്‍ പഠിക്കാനാണ് രണ്ടംഘ കേന്ദ്ര സംഘം കേരളത്തിലെത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പഠനം നടത്തിയ ശേഷമാണ് സംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ദേശീയ രോഗ നിയന്ത്രണ വിഭാഗത്തിന്റെ ഒരു കേന്ദ്രം കേരളത്തില്‍ അനുവദിക്കണമെന്ന ആവശ്യം സംഘം കേന്ദ്രത്തെ അറിയിക്കും.

രോഗ വ്യാപനതോത് പിടിച്ചുനിര്‍ത്താനായതും മരണനിരക്ക് കുറയ്ക്കാനായതും നേട്ടമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ്, ക്രിസ്മസ് പുതുവര്‍ഷ ആഘോങ്ങളെന്നിവയാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്നും സംസ്ഥാനം കേന്ദ്ര സംഘത്തെ അറിയിച്ചു.

Top