കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്ര സംഘം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘം നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.

കൂടുതല്‍ വാക്സിന്‍ വേണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം കേന്ദ്രസംഘത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് സന്ദര്‍ശനം നടത്തിയത്. കളക്ടറേറ്റിലെ സന്ദര്‍ശനത്തിന് ശേഷം സംഘം മെഡിക്കല്‍ കോളജിലുമെത്തി സാഹചര്യം വിലയിരുത്തി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിര്‍ദേശം. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച വിദഗ്ധ സംഘം ടിപിആര്‍ ഉയര്‍ന്നുനില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് വിലയിരുത്തി.നാളെ തിരുവനന്തപുരത്തെത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.

 

Top