കേന്ദ്രം പൂട്ടൊരുക്കുന്നു ! പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയ കേസെടുക്കുകയായിരുന്നു.

അതേസമയം, എം.എല്‍.എയ്‌ക്കെതിരായി ലൈംഗികാരോപണ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നുമായിരുന്നു സംസ്ഥാന വനിതാ കമ്മിഷന്‍ സ്വീകരിച്ച നിലപാട്. ഈ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മിഷന്‍ രംഗത്തെത്തിയത്.

എംഎല്‍എ പി കെ ശശിയ്ക്കെതിരായ ലൈംഗിക ആരോപണ കേസില്‍ യുവതി പരാതി തന്നാല്‍ കേസെടുക്കുമെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞത്. പരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ല. പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് കൈമാറേണ്ടത് തീരുമാനിക്കുന്നത് പാര്‍ട്ടി തന്നെയാണെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി.

ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമേ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കൂ. ഈ യുവതിക്ക് പോലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.

ലൈംഗിക ചൂഷണം ആരോപിച്ച് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് ബൃന്ദയ്ക്ക് പരാതി നല്‍കിയത്.

എന്നാല്‍ തനിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ ശശി പറഞ്ഞു. പരാതിക്കാരിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും പി.കെ ശശി പറഞ്ഞു.

Top