വാട്‌സ്ആപ്പ് തന്ത്രപൂര്‍വം ഉപയോക്താക്കളെ പോളിസി അനുമതി അംഗീകരിപ്പിക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വാട്‌സാപ്പ് തങ്ങളുടെ പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രം. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷന്‍ നല്‍കുകയാണ് വാട്‌സ് ആപ്പെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പ്രൈവസി പോളിസി അംഗീകരിക്കാന്‍ സാധാരണക്കാരെ നിര്‍ബന്ധിതരാക്കുകയാണ് കമ്പനിയെന്നാണ് ആക്ഷേപം. രാജ്യത്ത് പുതിയ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ വരുന്നതിന് മുമ്പ് പരമാവധി ആളുകളെ കൊണ്ട് പ്രൈവസി പോളിസി അംഗീകരിപ്പിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.

ഉപയോക്താക്കളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം.

 

Top