കൊവിഡ് പ്രതിരോധം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അടിയന്തര പാക്കേജ്

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള ഇന്ത്യ കോവിഡ് 19 എമര്‍ജന്‍സി റെസ്പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്നെസ്സ് പാക്കേജിന് കേന്ദ്രം അംഗീകാരം നല്‍കി.

ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍, ഉപഭോഗവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ സംഭരിക്കുക, നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ലബോറട്ടറികള്‍ സ്ഥാപിക്കല്‍, ബയോ സെക്യൂരിറ്റി തയ്യാറാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി നടപ്പാക്കുന്നതിനായുള്ള ഫണ്ട് പൂര്‍ണമായും കേന്ദ്രത്തിന്റേതാണ്. 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ വന്ദന ഗുര്‍നാനി ഒപ്പുവെച്ചു കഴിഞ്ഞു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍/ കമ്മീഷണര്‍മാര്‍ (ആരോഗ്യം) എന്നിവര്‍ക്ക് അയച്ച സര്‍ക്കുലറില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒന്നാം ഘട്ടം നടപ്പാക്കുന്നതിനുളള പണം അനുവദിച്ചതായി വ്യക്തമാക്കുന്നുണ്ട്.

സമര്‍പ്പിത കോവിഡ് -19 ആശുപത്രികള്‍, ഇന്‍സുലേഷന്‍ ബ്ലോക്കുകള്‍, ആശുപത്രികളില്‍ വെന്റിലേറ്റര്‍ ഓക്‌സിജന്‍ വിതരണം ഉള്ള ഐസിയു, ലബോറട്ടറികള്‍ ശക്തിപ്പെടുത്തുക, അധിക മാനവ വിഭവശേഷി നിയമിക്കുക, മാനവ വിഭവശേഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഒന്നാം ഘട്ടത്തിള്‍ ഉള്‍പ്പെടുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടം ജനുവരി 2020 മുതല്‍ ജൂണ്‍ 2020 വരെയാണ്. രണ്ടാം ഘട്ടം ജൂലൈ 2020 മുതല്‍ മാര്‍ച്ച് 2021 വരെയാണ്. മൂന്നാംഘട്ടം ഏപ്രില്‍ 2021 മുതല്‍ മാര്‍ച്ച് 2024 വരെയാണ്.

Top