വിലതട്ടിപ്പും ഗുണനിലവാരമില്ലായ്മയും; കൊവിഡ് പരിശോധനയുടെ ചൈനീസ് കിറ്റിന്റെ കരാര്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ ദ്രുതപരിശോധനാകിറ്റുകളുടെ വില തട്ടിപ്പും, ഗുണനിലവാരമില്ലായ്മയും പുറത്തുവന്നതിന് പിന്നാലെ കരാര്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. രണ്ട് ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ കിറ്റുകളാണ് ഗുണനിലവാരമില്ലാത്തതും കൊള്ളവിലയും ഈടാക്കുന്നത്.

245 രൂപയ്ക്ക് വിതരണക്കാര്‍ വാങ്ങിയ കിറ്റ് 600 രൂപയുടെ കൊള്ളവിലയ്ക്കാണ് ഇന്ത്യക്ക് മറിച്ച് വിറ്റത്. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നല്‍കിയ കിറ്റുകള്‍ വ്യാപകമായി തെറ്റായി ഫലങ്ങള്‍ കാണിക്കുകയും ചെയ്തതോടെയാണ് ഐസിഎംആര്‍ കരാര്‍ റദ്ദാക്കിയത്.

ഇടപാടില്‍ ഒരു രൂപയുടെ നഷ്ടം പോലുമുണ്ടായിട്ടില്ലെന്നും, ഒരു രൂപ പോലും ഇടപാടിന് നല്‍കിയിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. കിറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും തമ്മില്‍ ഭിന്നതകള്‍ നിലനിന്നിരുന്നു എന്ന വിവരം പുറത്ത് വന്നതിന് തൊട്ട് പുറകെയാണ് കരാര്‍ റദ്ദാക്കിയത്.

ഡല്‍ഹി ഹൈക്കോടതി ഉത്തരവിലൂടെയാണ് കിറ്റുകളുടെ വില സംബന്ധിച്ചുള്ള തീവെട്ടിക്കൊള്ള പുറത്തുവരുന്നത്. ശരിയായ വിലയുടെ ഇരട്ടിവില നല്‍കിയാണ് ഒരു ഗുണനിലവാരവുമില്ലാത്ത റാപ്പിഡ് പരിശോധനാ കിറ്റുകള്‍ ഇന്ത്യ വാങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

ഗ്വാങ്‌സോ വുണ്‍ഫോ ബയോടെക്, സുഹായ് ലിവ്‌സോണ്‍ ഡയഗ്‌നോസ്റ്റിക്‌സ് എന്ന രണ്ട് ചൈനീസ് കമ്പനികളാണ് ഈ കിറ്റുകളുടെ നിര്‍മാതാക്കള്‍.ഇത് രണ്ടും ഗുണനിലവാരമില്ലാത്തതാണെന്നും, തെറ്റായ ഫലങ്ങളാണ് പുറത്തുവിടുന്നതുമെന്നും കണ്ടെത്തിയതായാണ് ഐസിഎംആറിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് ഈ കിറ്റുകള്‍ വാങ്ങിയത്. മുഴുവന്‍ തുകയും അഡ്വാന്‍സായി നല്‍കാറില്ല. കിറ്റുകള്‍ ഇവിടെയെത്തിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ തുക കൈമാറാറുള്ളൂ. അതിനാല്‍ത്തന്നെ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമായിട്ടില്ല എന്നാണ് ഐസിഎംആറിന്റെ വിശദീകരണം.

വുണ്‍ഫോ ബയോടെക്കില്‍ നിന്ന് മാര്‍ച്ച് 27-ന് അഞ്ച് ലക്ഷം കിറ്റുകളാണ് ഐസിഎംആര്‍ വഴി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തത്. ഐസിഎംആറും ആര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സും ചേര്‍ന്നാണ് വാങ്ങാനുള്ള ഓര്‍ഡര്‍ ഒപ്പുവച്ചത്.
മട്രിക്‌സ് എന്ന കയറ്റുമതി കമ്പനി വഴിയാണ് ഈ കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചത്. 245 രൂപ വിലയുള്ള കിറ്റുകളായിരുന്നു ഓരോന്നും എന്നത് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടിയപ്പോഴാണ് വ്യക്തമാകുന്നത്.

Top