ന്യൂഡല്‍ഹി: അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അവസാനിച്ചതിനാല്‍ ജമ്മു കശ്മീരിന് പുറമെ അസ്സം, തൃപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ലോക്കല്‍ പോലീസിനെ സഹായിക്കാനാണ് അസമിലും തൃപുരയിലുമായി ഡിസംബര്‍ 11 നും 17നും ഇടയ്ക്ക് സൈന്യത്തെ വിന്യസിച്ചത്.
29 കോളം കരസേനയേയും അസം റൈഫിളിന്റെ രണ്ട് കോളം സൈനികരെയുമാണ് അസമില്‍ നിന്നും തൃപുരയില്‍ നിന്നും പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് പുതിയതായി രൂപം കൊടുത്ത കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിന്ന് 72 കമ്പനി കേന്ദ്രസേനയെ കേന്ദ്രം പിന്‍വലിച്ചത്. 24 കമ്പനി സിആര്‍പിഎഫ്, 12 കമ്പനി വീതമുള്ള ബിഎസ്എഫ്, സിആഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാബല്‍ തുടങ്ങിയ കേന്ദ്രസേനകളെയാണ് ജമ്മു കശ്മീരില്‍ നിന്ന് പിന്‍വലിച്ചത്.