മതം മാറിയ ദളിതര്‍ക്ക് പട്ടികജാതി സംവരണം: വിഷയം പഠിക്കാൻ ജസ്റ്റിസ് കെജി ബാലകൃഷ്ണൻ അധ്യക്ഷനായി കമ്മീഷൻ

ഡൽഹി: മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടിക ജാതി പദവി സംബന്ധിച്ച് പരിശോധിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ഡോ. ആർകെ ജയിൻ, പ്രൊഫ. സുഷ്മ യാദവ് എന്നിവർ അംഗങ്ങളാണ്.

ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ അല്ലാതെ മറ്റു മതങ്ങളിൽ പെട്ടവർക്കൊന്നും പട്ടികജാതി പദവിക്ക് അർഹതയില്ലെന്നാണ് 1950ലെ പ്രസിഡൻഷ്യൽ ഉത്തരവിൽ പറയുന്നത്. ഇതു കാലാകാലങ്ങളിൽ ഭേദഗതി ചെയ്തിട്ടുണ്ട്. ചരിത്രപരമായി പട്ടിക ജാതിക്കാർ ആയിരിക്കുകയും ഈ ഉത്തരവിൽ പറയാത്ത മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തവരുടെ പട്ടികജാതി പദവി സംബന്ധിച്ചാണ് സമിതി പരിശോധന നടത്തുക.

മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിലേക്കു പരിവർത്തനം ചെയ്യപ്പെട്ട ദലിതുകൾ പട്ടിക ജാതി പദവി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി ഇതിന് എതിരാണ്.

പുതിയ വിഭാഗങ്ങൾക്കും പട്ടിക ജാതി പദവി നൽകുകയാണെങ്കിൽ അതുണ്ടാക്കുന്ന അനന്തര ഫലങ്ങളും സമിതി പരിശോധനാ വിധേയമാക്കും. മതംമാറിയ ശേഷം ആചാരം, പാരമ്പര്യം, സാമൂഹ്യ വിവേചനം, ദാരിദ്ര്യാവസ്ഥ എന്നിവയിൽ ഉണ്ടായ മാറ്റം സമിതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും സമിതിക്കു പരിശോധിക്കാമെന്ന് സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

Top