ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ ഫയല്‍ കേന്ദ്രം മടക്കി അയച്ചു. പുനപ്പരിശോധന ആവശ്യപ്പെടാനാണ് കേന്ദ്രത്തിന്റെ നീക്കം. കെ എം ജോസഫിനേക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്ന് പരാതി. സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊളീജിയം പുനപ്പരിശോധിക്കണമെന്നാവശ്യം. തീരുമാനത്തെ പ്രധാനമന്ത്രിയും
രാഷ്ട്രപതിയുംപിന്തുണച്ചു. യോഗ്യതയിലും കഴിവിലും ഒന്നാമന്‍ എന്നായിരുന്നു കൊളീജിയത്തിന്റെ വിലയിരുത്തല്‍
കേരളത്തിന് അമിത പ്രാധാന്യം നല്‍കേണ്ടെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.
അതേസമയം ഫയല്‍ മടക്കിയ നടപടിക്കെതിരെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.
നേരത്തെ സുപ്രീം കോടതി ജഡ്ജിനിയമനത്തില്‍ കെ എം ജോസഫിനെ തഴഞ്ഞ് ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തുവരികയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇന്ദു മല്‍ഹോത്രയെ ജഡ്ജിയാക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. കൊളീജിയം ശുപാര്‍ശ മൂന്നുമാസത്തോളം തടഞ്ഞുവെച്ചശേഷമാണ് കേന്ദ്ര നിയമമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി പത്തിനാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയും, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. മൂന്നു മാസം കഴിഞ്ഞിട്ടും നിയമനം അംഗീകരിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. വിശാലബെഞ്ച് രൂപികരിച്ചു ഈ വിഷയം പരിഗണിക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപെട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം കേന്ദ്രം അംഗീകരിച്ചത്.