ന്യൂഡല്‍ഹി: പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് 2012ലെ പോക്‌സോ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും.
കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോക്‌സോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വര്‍ഷം തടവുമാണ് ശിക്ഷ. ഇതാണ് വധശിക്ഷയാക്കി ഉയര്‍ത്തിയത്.
കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കു മരണശിക്ഷ നല്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.