ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴുപേരെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാര്‍ തള്ളി.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സര്‍ക്കാരിനെ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2014 ല്‍ ഈ ആവശ്യം ഉന്നയിച്ച് ജയലളിത സര്‍ക്കാര്‍ യു.പി.എ സര്‍ക്കാരിനെയും സമീപിച്ചിരുന്നു. നിയമോപദേശം തേടിയശേഷം അന്നും ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
20 വര്‍ഷത്തിലേറെക്കാലം ജയിലില്‍ കഴിഞ്ഞ തടവുകാരെ മോചിപ്പിക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചത്. തടവുകാരുടെ അപേക്ഷ തമിഴ്നാട് സര്‍ക്കാരിന് ലഭിച്ചുവെന്നും കേന്ദ്രത്തിന് അയച്ച കത്തില്‍ ജയലളിത സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്.