Centre Rushes 2,000 Additional CRPF Troops To Kashmir

ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് ജമ്മു കാശ്മീരിലേക്ക് 2000 സിആര്‍പിഎഫ് ജവാന്‍മാരെകൂടെ അധികമായി നിയോഗിച്ചു.

ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുളള സംഘര്‍ഷം തുടരുകയാണ്. കാശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യൂ തുടരുകയാണ്.

ഇതുവരെ 42 പേര്‍ക്ക് ജീവന്‍ നഷ്ട്ടമായി. മൊത്തം 3100 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 1500 പേര്‍ സുരക്ഷാ സൈനികരാണ്. കിംവദന്തികള്‍ പരക്കാതിരിക്കാന്‍ മൊബൈല്‍, ഇന്റര്‍നെറ്റുകള്‍ വിച്ഛേദിച്ചത് തുടരുകയാണ്.

കഴിഞ്ഞ ആഴ്ച 2800 സിആര്‍പിഎഫ് ജവാന്‍മാരെ കശ്മീരിലേക്ക് നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഘത്തെ അയക്കുന്നത്. സൈനികരുടെ വാഹനത്തിന് സുരക്ഷ ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ യൂണിറ്റിലുള്ള ജവാന്‍മാരുടെ ചുമതലയാണ്.

കാശ്മീരില് കഴിഞ്ഞ ദിവസം പത്ര ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പത്രക്കെട്ടുകള്‍ കണ്ടുകെട്ടുകയും, നിരവധി തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മൂന്ന് ദിവസത്തേക്ക് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയിരിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്.

സംസ്ഥാനത്ത് നാളെ തുറന്നു പ്രവര്‍ത്തനമാരംഭിക്കാനിരുന്ന സ്‌കൂളുകളും കോളേജുകളും ജൂലൈ 25നു മാത്രമേ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ അറയിച്ചിട്ടുണ്ട്.

Top