സിഖ് വിരുദ്ധ കലാപത്തിന് പോലീസ് ‘ഒത്താശ’; ഡല്‍ഹി പോലീസിനെ പ്രതിക്കൂട്ടിലാക്കി റിപ്പോര്‍ട്ട്

1984ലെ സിഖ് വിരുദ്ധ കലാപങ്ങളിലെ 186 കേസുകളില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ദിംഗ്ര കമ്മിറ്റി സുപ്രീംകോടതിയിലും, കേന്ദ്രത്തിനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോലീസ്, സര്‍ക്കാര്‍, പ്രോസിക്യൂഷന്‍ എന്നിവര്‍ കൃത്യസമയത്ത് തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ഹാജരാക്കിയില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. അതേസമയം സിഖുകാരെ അക്രമിക്കാന്‍ പോലീസ് സഹായങ്ങള്‍ ചെയ്തുനല്‍കിയെന്ന സുപ്രധാന വാദവും ദിംഗ്ര കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു.

1984 സിഖ് കലാപത്തില്‍ ഡല്‍ഹി പോലീസിന്റെ പങ്ക് കണ്ടെത്തിയ ജസ്റ്റിസ് ദിംഗ്ര കമ്മിറ്റി റിപ്പോര്‍ട്ട് സ്വീകരിച്ചതായി കേന്ദ്ര സുപ്രീംകോടതിയെ അറിയിച്ചു. ഇതിന്മേല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങള്‍ ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി പരാതിക്കാരനായ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയിലെ എസ്ജിഎസ് കഹ്ലോണിന് അനുമതി നല്‍കി.

സിഖ് വിരുദ്ധ കലാപങ്ങള്‍ അരങ്ങേറുമ്പോള്‍ ഡല്‍ഹി ഭരിച്ചിരുന്ന സര്‍ക്കാരും, പോലീസും കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതുവഴി കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ നഷ്ടമായി. 10 കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയതിനാല്‍ കലാപത്തിന് സഹായിച്ച പോലീസുകാര്‍ക്കെതിരെ നടപടിക്ക് ഹര്‍ജി ഫയല്‍ ചെയ്യണമെന്ന് പരാതിക്കാരന് വേണ്ടി അഭിഭാഷകന്‍ ആര്‍ എസ് സുരി ചീഫ് ജസ്റ്റിസ് മുന്‍പാകെ ബോധിപ്പിച്ചു.

1984 ഒക്ടോബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ രണ്ട് സിഖ് അംഗരക്ഷകരാണ് വെടിവെച്ച് കൊന്നത്. ഇതിന് ശേഷം തലസ്ഥാനത്ത് സിഖ് വംശജര്‍ക്ക് നേരെ കലാപം പൊട്ടിപ്പുറപ്പെട്ടു. ഡല്‍ഹിയില്‍ മാത്രം 2733 പേരുടെ ജീവനാണ് കലാപത്തില്‍ നഷ്ടമായത്.

Top