തവാങ്: രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 64,000 കോടി രൂപ കേന്ദ്രം നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ആരോഗ്യ മേഖലയിലെ മുഴുവന്‍ പേര്‍ക്കും സുരക്ഷ ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയില്‍ ഒരു ദിവസത്തെ പര്യടനത്തിനെത്തിയതാണ് മന്‍സുഖ് മാണ്ഡവ്യ.
സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ പദ്ധതികളെ അഭിനന്ദിച്ച മാണ്ഡവ്യ കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ സഹായവും പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തു. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ശരത് ചൗഹാന്‍ സംസ്ഥാനത്തെ കൊവിഡ് മാനേജ്മെന്റിനെയും വാക്സിനേഷന്‍ സംബന്ധിച്ചും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
നഹ്ലഗൂണിലെ ടോമോ റിബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സിന്റെ ഭാവി സുസ്ഥിരതയ്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്ര ഇടപെടല്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അരുണാചല്‍ പ്രസിഡന്റ് ഡോ ലോബ്‌സാങ് സെറ്റിം അഭ്യര്‍ത്ഥിച്ചു.
നിലവിലുള്ള എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പരിഷ്‌കാരങ്ങള്‍ കൂടാതെ സംസ്ഥാനത്ത് ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യവും ഡോ.സെറ്റിം കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചു.