തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിനു കത്തയച്ചു. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കത്തയച്ചത്.
എര്‍ത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്നലെ നല്‍കിയ കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.
നേരത്തെ, ബേബി ഡാം ശക്തിപ്പെടുത്താനാണ് അണക്കെട്ടിനോട് ചേര്‍ന്ന 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ടത്. 15 മരങ്ങള്‍ മുറിക്കാന്‍ സംസ്ഥാനം കൊടുത്ത അനുമതി പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചു. ഉത്തരവ് മരവിപ്പിച്ചാലും ബേബി ഡാം ശക്തിപ്പെടുത്തുന്ന വിഷയം നിയമപോരാട്ടങ്ങള്‍ക്കിടയാക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡാമിലെ റൂള്‍കര്‍വിനെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തു.
റൂള്‍കര്‍വ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയര്‍ത്തണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാള്‍ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.