കൊച്ചി: കൊവിഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേളയില്‍ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. കിറ്റക്‌സ് ഗ്രൂപ്പ് ജീവനക്കാര്‍ക്ക് കൊവീഷില്‍ഡ് വാക്‌സീന്റെ രണ്ടാം ഡോസ് 28 ദിവസത്തെ ഇടവേളയില്‍ നല്‍കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍.
വാക്‌സിന്‍ നയത്തിലെ കോടതി ഇടപെടല്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കോടതി ഇടപെട്ടാല്‍ ഫലപ്രദമായ രീതിയില്‍ വാക്‌സിന്‍ വിതരണം സാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കി.
കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസത്തില്‍ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കൊവിഷില്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.