ന്യൂഡല്‍ഹി: കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ടിപിആര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ആരോഗ്യമന്ത്രാലയമാണ് കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞിരുന്നു. ഇന്നലെ ഇന്ത്യയില്‍ 2,58,089 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതോടൊപ്പം തന്നെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 8,209 ആയി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.65% ആയി. 13,13,444 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്.
ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 16,56,341 ആയി. അതേ സമയം 151740 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി. രോഗമുക്തി നേടിയവരുടെ നിരക്ക് 94.27% ആണ്. ഇതുവരെ 157.20 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് നല്‍കിയത്.