ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്. 242 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളത്തിനുള്ളത്. ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 272 റണ്‍സിന് മറുപടി പറയാനിറങ്ങിയ കേരളം മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ആന്ധ്ര മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ്.
ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ ആന്ധ്രക്ക് ഒന്‍പത് വിക്കറ്റ് കൈയിലിരിക്കെ 223 റണ്‍സ് എടുക്കണം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് റണ്‍സെടുത്ത് മഹീപ് കുമാറും രണ്ട് റണ്‍സുമായി അശ്വിന്‍ ഹെബ്ബാറുമാണ് ക്രീസില്‍. ഓപ്പണര്‍ രേവന്ത് റെഡ്ഡിയുടെ (5) വിക്കറ്റാണ് ആന്ധ്രയ്ക്ക് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ വിക്കറ്റ് വീഴ്ത്തി ബേസില്‍ തമ്പിയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്.