മൂന്നര മാസം കൊണ്ട് വരുമാനം 12 ലക്ഷം; ജോലി മാല പൊട്ടിക്കല്‍

തൃശൂർ: ചാലക്കുടിയുടെ ഉൾപ്രദേശങ്ങളിലൂടെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് നടക്കുവാൻ ഭയമായിരുന്നു. കഴിഞ്ഞ മൂന്നര മാസക്കാലം കൊണ്ട് ഇരുപതിടത്തുനിന്നാണ് മാല പൊട്ടിക്കൽ റിപ്പോർട്ട് ചെയ്തത്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വരുന്ന യുവാവാണു മാല പൊട്ടിച്ചതെന്നു സ്ത്രീകളുടെ മൊഴി.

മാലക്കള്ളനെ കണ്ടുപിടിക്കാൻ മൂന്നരമസക്കാലം വേണ്ടി വന്നു.ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷും സംഘവും ആണ് മാലകള്ളനെ പിടികൂടിയത്. മാല പൊട്ടിച്ച ബൈക്കുകാരൻ പോയ വഴികളിലെ സിസിടിവി ക്യാമറകൾ പരതിയും, മാല പൊട്ടിച്ച സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷനുകൾ നിരീക്ഷിച്ചുമാണ് കള്ളനെ പിടികൂടിയത്. കുറ്റിച്ചിറ സ്വദേശി അമൽ ആണ് പിടിയിലായ മാലക്കള്ളൻ.

അമൽ നിരവധി തവണ പലഭാഗത്തുള്ള സ്വർണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി പൊലീസ് കണ്ടെത്തി. മാലകൾ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലഭിച്ചില്ല.വരുമാനത്തിന്റെ കണക്കുകൾ പൊലീസ് നിരത്തിയതോടെ നിൽക്കക്കള്ളിയില്ലാതെയായി. മാല പൊട്ടിക്കൽ പരമ്പരകളുടെ പച്ചയായ യാഥാർഥ്യം അമൽ ഏറ്റുപറഞ്ഞു. മൂന്നര മാസത്തിനിടെ മാലമോഷണത്തിലൂടെ അമൽ സമ്പാദിച്ചത് പന്ത്രണ്ടു ലക്ഷം രൂപയാണ്.

Top