പെരിന്തല്‍മണ്ണ: ബൈക്കില്‍ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളുടെ മാലകള്‍ മാത്രം പൊട്ടിക്കുന്ന കള്ളന് അറസ്റ്റില്‍. മഞ്ചേരി പാപ്പിനിപ്പാറ തോട്ടുങ്ങല്‍ മൊടത്തീരി ഫിറോസിനെയാണ് പെരിന്തല്‍മണ്ണയില്‍ പൊലീസ് അറസ്റ്റുചെയ്തത്.
ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളോ ആളിന്റെ രൂപമോ തിരിച്ചറിയാന്‍ പ്രായമായ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാറില്ലെന്നതാണ് പ്രതി ഇവരെ ലക്ഷ്യമിടുന്നതിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
വിദേശത്തായിരുന്ന പ്രതി ഒന്നരവര്‍ഷം മുമ്പാണ് നാട്ടിലെത്തിത്. തുടര്‍ന്നാണ് കവര്‍ച്ചയിലേക്ക് മാറിയത്. പ്രതി ഒറ്റയ്ക്കായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്.
2011-ല്‍ ബൈക്കില്‍ കറങ്ങി മാലപൊട്ടിച്ചതിന് പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണസംഘം പ്രതിയെ അറസ്റ്റുചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ജില്ലാ പൊലീസ് മേധാവി പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ കീഴില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്.
തുടര്‍ന്ന് ഇത്തരത്തില്‍ കവര്‍ച്ച നടത്തുന്ന നിരവധി പ്രതികളെക്കുറിച്ച് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.