ദില്ലി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. പത്ര പ്രവര്‍ത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കും. ഈ മാസം 31നു കോട്ടയത്ത് വെച്ച് പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു.
സുരേഷ് ഗോപി മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല. വനിത കമ്മീഷന്‍ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. പരാതി നല്‍കും എന്ന് പറഞ്ഞതിനാലാണ് കമ്മീഷന്‍ സ്വമേധയാ ഇടപെടാതിരുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവെന്നും സതീദേവി പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തകയും പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്. പരാതിക്കടിസ്ഥാനമായ സംഭവം ഇന്നലെയാണ് കോഴിക്കോട് നടന്നത്.
അല്‍പ്പ സമയം മുമ്പാണ് മാധ്യമ പ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവര്‍ത്തക ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി. പരാതി നടക്കാവ് പൊലീസിന് കൈമാറുകയും ചെയ്തു.