തിരുവനന്തപുരം: സിപിഎം ജില്ലാകമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടി ഉണ്ടായേക്കും എന്നു സൂചന. ചൈത്രക്കെതിരെ നടപടി വേണമെന്ന് സിപിഎം ശക്തമായി ആവശ്യപ്പെട്ടിട്ടിട്ടുണ്ട്.
വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയോ ചെയ്യുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുക്കും.
അതേസമയം ചൈത്രയുടെ നടപടി ശരിവച്ച അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോര്‍ട്ടും. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റൊരു ശുപാര്‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. യുവ ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന പൊതു ധാരണയാണ് ഐപിഎസ് തലത്തിലുള്ളത്. അതുകൊണ്ടുതന്നെയാണ് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഒരു ശുപാര്‍ശയും നല്‍കാതെ സര്‍ക്കാരിന്റെ തീരുമാനത്തിലേക്ക് ഡിജിപി വിട്ടത്.
എന്നാല്‍ ചൈത്രയെ ന്യായീകരിക്കുന്ന എഡിജിപിയുടെ റിപ്പോര്‍ട്ടിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്. കടുത്ത നിലപാട് വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഇന്ന് മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം നിര്‍ണായകം ആവും.