ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ‘ചക്ക ജാം’ (Chakka Jam) റോഡ് ഉപരോധ സമരത്തിന്റെ ഭാഗമായി ചെങ്കോട്ടയിലെ സുരക്ഷ കര്‍ശനമാക്കി ഡല്‍ഹി പോലീസ്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ അനുഭവത്തില്‍ ഡല്‍ഹി-എന്‍സിആര്‍ പരിധിയില്‍ 50,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നു. 12 മെട്രോ സ്റ്റോഷനുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുന്നത്. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ ഹോണ്‍ മുഴക്കി സമരം സമാപിക്കും. പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയില്‍ ഇപ്പോള്‍ത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാല്‍ റോഡ് ഉപരോധമില്ല. കരിമ്പു കര്‍ഷകര്‍ വിളവെടുപ്പുതിരക്കിലായതിനാല്‍ ഉത്തരാഖണ്ഡിനേയും ഉത്തര്‍പ്രദേശിനേയും സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഡല്‍ഹിക്കു കടക്കാതിരിക്കാന്‍ അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ സിംഘു ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. സാമൂഹികമാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. ഗാസിയബാദിലെ ലോണി അതിര്‍ത്തിയില്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലും കഴിഞ്ഞ തവണ സംഘര്‍ഷം നടന്ന ഐടിഒ, മിന്റോ റോഡ് എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
റോഡ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം ചര്‍ച്ചനടത്തിയിരുന്നു. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യ വസ്തുക്കളുമായുള്ള വാഹനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സര്‍ക്കാര്‍ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍.