അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍ കട ആക്രമിച്ച് ചക്ക കൊമ്പന്‍

ഇടുക്കി : ഇടുക്കിയില്‍ പന്നിയാറിലെ റേഷന്‍ കട ആക്രമിച്ച് ചക്ക കൊമ്പന്‍. റേഷന്‍ കടയുടെ ചുമരുകള്‍ ആന ഇടിച്ച് തകര്‍ത്തു. ഫെന്‍സിങ് തകര്‍ത്താണ് ചക്കക്കൊമ്പന്‍ അകത്ത് കയറിയത്. ഇന്ന് പുലര്‍ച്ചെ 3.30 യോട് കൂടിയാണ് ആന റേഷന്‍ കട ആക്രമിച്ചത്.

മുന്‍പ് അരിക്കൊമ്പന്‍ സ്ഥിരമായി തകര്‍ത്തിരുന്ന സ്ഥലമായിരുന്നു പന്നിയാര്‍ എസ്റ്റേറ്റിലെ ഈ റേഷന്‍ കട. അന്ന് റേഷന്‍ കട സ്ഥിരമായി തകര്‍ക്കുന്നതിനാല്‍ റേഷന്‍ കൊടുക്കാന്‍ പറ്റാത്ത സാഹചര്യം വന്നതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റി, പിന്നീട് റേഷന്‍ കട പുതുക്കി പണിതത്.

അരിക്കൊമ്പന്‍ പോയതിന് ശേഷം വലിയ രീതിയിലുള്ള അക്രമങ്ങളെന്നും ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചക്കക്കൊമ്പന്‍ ഈ മേഖലയില്‍ ഇറങ്ങി വലിയ രീതിലുള്ള അക്രമങ്ങളാണ് നടത്തുന്നത്. റേഷന്‍ കടയുടെ ചുറ്റും വനം വകുപ്പ് ഫെന്‍സിങ്ങ് ഇട്ടിരുന്നു. എന്നാല്‍ ഫെന്‍സിങ്ങിനോട് ചേര്‍ന്ന് നിന്ന കൊടിമരം തകര്‍ത്ത് അത് ഫെന്‍സിങ്ങിന്റെ മുകളിലേക്ക് ഇട്ടാണ് ചക്കക്കൊമ്പന്‍ റേഷന്‍ കടയുടെ അകത്തേയ്ക്ക് കയറിയത്.

Top