റയില്‍-വികസന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം ; ആവശ്യവുമായി ഇന്നസെന്റ് എം പിയുടെ സത്യാഗ്രഹം

തൃശൂര്‍ : ചാലക്കുടി മണ്ഡലത്തിലെ റയില്‍ വികസന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്നസെന്റ് എം പിയുടെ സത്യാഗ്രഹം ആരംഭിച്ചു. വൈകീട്ട് 4 വരെ ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുന്നിലാണ് സമരം.

അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട ആവശ്യങ്ങള്‍ പോലും റയില്‍വേ അവഗണിക്കുകയാണ് എന്നാരോപിച്ചാണ് സമരം. മണ്ഡലത്തിലെ ജനപ്രതിനിധികളും എല്‍ഡി എഫ് പ്രവര്‍ത്തകരും സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

ചാലക്കുടി മണ്ഡലത്തിലെ റെയില്‍വെ വികസനത്തിനായി സമഗ്ര നിര്‍ദേശം തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനും റെയില്‍വെ മന്ത്രാലയത്തിനും എംപി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റെയില്‍വെ അവഗണിക്കുകയാണ്.

ഏറ്റവുമൊടുവില്‍ പുനലൂരില്‍ നിന്നും പാലക്കാട്ടേക്ക് സര്‍വീസ് ആരംഭിച്ച പാലരുവി എക്‌സ്പ്രസിന് മണ്ഡലത്തിലെ ആലുവ, അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയുമായും ബോര്‍ഡുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആലുവയില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് ഇന്നസെന്റ് ചൂണ്ടിക്കാട്ടി.

എറണാകുളത്തുനിന്ന് സര്‍വീസ് തുടങ്ങിയ രണ്ട് അന്ത്യോദയ ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ആലുവ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. സ്റ്റേഷന് രണ്ടാം കവാടം തുറക്കണം. പാര്‍ക്കിങ് സൗകര്യങ്ങള്‍ വികസിപ്പിക്കണം. അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹമെന്ന് ഇന്നസെന്റ് എം പി അറിയിച്ചു.

Top