തൃശൂര്‍:പാലിയേക്കര ടോളിലെ പൊലീസ് നടപടിയില്‍ ഡിവൈഎസ്പിക്ക് വീഴ്ച പറ്റിയതായി പ്രാഥമിക റിപ്പോര്‍ട്ട്. റൂറല്‍ എസ്പി തൃശ്ശൂര്‍ റേഞ്ച് ഐജിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരിശോധന ചട്ട വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരമായുള്ള പഞ്ചായത്ത് പാതയിലൂടെ സഞ്ചരിച്ച കുടുംബത്തെ ചാലക്കുടി ഡിവൈഎസ്പി തടഞ്ഞു നിര്‍ത്തി അപമാനിച്ചതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ദേശീയ പാത പാലിയേക്കര ടോള്‍ ബൂത്തിന് സമാന്തരമായി കടന്നുപോകുന്ന പഞ്ചായത്ത് റോഡിലാണ് സംഭവം നടക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ ഹരി റാമിന്റെ പരാതി ഇങ്ങനെ. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ സമാന്തരപാതയിലൂടെ കാറില്‍ സഞ്ചരിച്ച തന്നെ മഫ്ടിയിലെത്തിയ ചാലക്കുടി ഡിവൈഎസ്പി തടഞ്ഞു നിര്‍ത്തി. പഞ്ചായത്ത് റോഡ് പ്രദേശ വാസികളുടേതാണെന്നും മറ്റുള്ളവര്‍ ടോള്‍ നല്‍കി യാത്രചെയ്യണമെന്നും ഉപദേശിച്ചു. രേഖകള്‍ ബലമായി പിടിച്ചു വാങ്ങി ഓഫീസിലെത്താന്‍ നിര്‍ദ്ദേശിച്ചു. ചോദ്യം ചെയ്തപ്പോള്‍ ഭാര്യയോടും രണ്ടര വയസ്സുള്ള കുഞ്ഞിനോടുമൊപ്പം സമരം ചെയ്യാന്‍ ഉപദേശിച്ചു. ഇക്കാര്യങ്ങളടങ്ങുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ ഹരിറാം പുറത്തുവിട്ടു.
ഹരിയില്‍ നിന്നും വാഹനത്തിന്റെ രേഖകള്‍ ബലമായി പിടിച്ചുവാങ്ങിയെന്നും പരാതിയുണ്ട്. ടോള്‍ നല്‍കാതെ സമാന്തര പാത ഉപയോഗിക്കുന്നത് ധാര്‍മികമല്ലെന്ന് ഡിവൈഎസ്പി ഉപദേശിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
നാട്ടിലെത്തിയ ഹരിറാം ആഭ്യന്തര മന്ത്രിയ്ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇ മെയ്‌ലില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് പൊലീസ് ഹരിറാമില്‍ നിന്നും മൊഴിയെടുത്തു.
എന്നാല്‍ ആയുധങ്ങളുമായി ഒരുസംഘം പാലിയേക്കര സമാന്തര പാതയിലൂടെ കടന്നുപോകുന്ന വിവരമറിഞ്ഞ് പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും ടോള്‍ കമ്പനിയെ സഹായിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചാലക്കുടി ഡിവൈഎസ്പി രവീന്ദ്രന്‍ വിശദീകരിച്ചു.