രാജീവ് വധക്കേസ് ; പ്രമുഖ അഭിഭാഷകനായ ഉദയഭാനുവിനെതിരായ പരാതി പുറത്ത്

ചാലക്കുടി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെ വെളിപ്പെടുത്തല്‍.

ഉദയഭാനുവില്‍ നിന്ന് രാജീവിന് ഭീഷണിയുണ്ടായിരുന്നെന്നും പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ഹൈക്കോടതിയിലും രാജീവ് പരാതി നല്‍കിയിരുന്നുവെന്നും കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് വെളിപ്പെടുത്തിയത്.

ഇനി ഭീഷണി ഉണ്ടാവുകയാണെങ്കില്‍ നെടുമ്പാശ്ശേരി എസ്‌ഐയേയും സിഐയേയും സമീപിക്കാവുന്നതാണെന്നും പോലീസ് ഇയാള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നും ഹൈക്കോടതി ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു.
22155344_2010982509137613_189858298_n
22127481_2010982472470950_878361135_n

പരാതിയെ കുറിച്ച് രാജീവിന്റെ സുഹൃത്തുക്കള്‍ പറയുന്നതിങ്ങിനെ: പാലക്കാട് ജില്ലയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഉദയഭാനുവും രാജീവും ബന്ധപ്പെടുന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ ഉദയഭാനു അഡ്വാന്‍സ് തുകയായി രാജീവിന് നല്‍കിയിരുന്നു. എന്നാല്‍ ഈ ഇടപാട് നടന്നില്ല. രാജീവ് പണം തിരികെ നല്‍കിയതുമില്ല. ഇതേതുടര്‍ന്ന് സി.പി.ഉദയഭാനുവില്‍നിന്നു ഭീഷണിയുണ്ടെന്നു കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ജൂണ്‍ മാസത്തിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി പൊലീസ് സംരക്ഷണത്തിന് നിര്‍ദേശിച്ചില്ലെങ്കിലും തുടര്‍ന്ന് ഭീഷണിയുണ്ടായാല്‍ നെടുമ്പാശേരി സിഐയെ സമീപിക്കാമെന്ന് നിര്‍ദേശിച്ചു. ഇതിനുശേഷമാണ് രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും രാജീവിന്റെ പരാതി വ്യാജമാണെന്നുമാണ് സി.പി.ഉദയഭാനുവിന്റെ പ്രതികരണം.

ഭൂമി ഇടപാടില്‍ രാജീവിനു പണം നല്‍കിയിരുന്നു. ഈ ഇടപാട് നടക്കാത്തതിനാല്‍ വഞ്ചനാക്കുറ്റത്തിന് രാജീവിനെതിരെ ആലുവ റൂറല്‍ എസ്പിക്കു പരാതി നല്‍കി. ഈ പരാതിയില്‍നിന്ന് ഒഴിവാകുന്നതിനുവേണ്ടി മാത്രമാണ് രാജീവ് ഹൈക്കോടതിയെ സമീപിച്ചതെന്നുമാണ് ഉദയഭാനു പറയുന്നത്.

ചാലക്കുടി പരിയാരത്താണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ മൂന്നംഗസംഘത്തെ പൊലീസ് പിടികൂടിയിരുന്നു.

അങ്കമാലി സ്വദേശിയാണ് കൊല്ലപ്പെട്ട രാജീവ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വസ്തു ഇടപാടിനായി അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കണ്ടെത്തി.

പരിയാരം തവളപ്പാറയില്‍ എസ്ഡി കോണ്‍വെന്റിന്റെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ പാട്ടത്തിനെടുത്ത തോട്ടത്തിലേക്കുള്ള ഗേറ്റ് കഴിഞ്ഞുള്ള വഴിയില്‍ ഇയാളുടെ സ്‌കൂട്ടറും കുടയും മൂന്നു പേരുടെ ചെരിപ്പുകളും കണ്ടെടുത്തിരുന്നു.

ഈ ഭാഗത്തു വച്ച് രാജീവനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിച്ചതായാണു പൊലീസിന്റെ നിഗമനം.

ഒഴിഞ്ഞ കെട്ടിടത്തില്‍ ആളനക്കം കേട്ടതിനെത്തുടര്‍ന്ന് സമീപവാസി സ്ഥലത്തെത്തിയപ്പോള്‍ മദ്യപിച്ചു ലക്കുകെട്ട നിലയില്‍ ഒരാളെ കണ്ടെത്തി. സംശയം തോന്നിയ സമീപവാസി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പായ കൊണ്ടു ശ്വാസം മുട്ടിച്ചുകൊന്ന നിലയിലായിരുന്നു രാജീവന്റെ മൃതദേഹം കണ്ടെത്തിയത്.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ഉദയഭാനുവിനെതിരായ പരാതി പൊലീസിനേയും നിയമ കേന്ദ്രങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസ്, ജിഷ വധക്കേസ്, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് എന്നിവയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സത്യസന്ധനെന്നറിയപ്പെടുന്ന ഉദയഭാനു.

അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Top